തെരുവത്ത് പള്ളി മഖാം
പാലക്കാടു നിന്നും വടക്ക് പടിഞ്ഞാറു മാറി 15 കിലോമീറ്റർ അകലെ പല്ലഞ്ചാത്തനൂർ എന്ന സ്ഥലത്താണ് തെരുവത്ത് പള്ളി മഖാം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പ് മദ്രാസിനടുത്ത തിരുവല്ലക്കേണി മഹ്മൂദ് ബന്ധറിൽ ജീവിച്ച ശൈഖ് മുഹമ്മദ് വലിയ്യുള്ളാഹി(റ) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്.
ഗൗസുൽ അഅ്ളം ശൈഖ് മുഹ്യദ്ധീൻ(റ)ന്റെ സന്താന പരമ്പരയിലാണ് മഹാനവർകളുടെ ജനനം.
ദീനീവിജ്ഞാനത്തിന്റെ സകല മേഖലകളിലും, മആനീ,മൻത്വിഖ്, തുടങ്ങിയ വിജ്ഞാന ശാഖകളിലും മഹാനവർകൾ അത്യഗാധമായ ജ്ഞാനിയായിരുന്നു..
അള്ളാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് ദീനീ സമ്പാദനത്തിനും വിതരണത്തിനുമായി നാടും വീടും വിട്ട് പുറപ്പെട്ടിറങ്ങിയ മഹാനവർകൾ ദേശങ്ങൾ താണ്ടി പല്ലഞ്ചാത്തനൂർ എന്ന പ്രദേശത്ത് എത്തിച്ചേർന്നു...
അറുതിയില്ലാത്ത വറുതിയുടെ വറചട്ടിയിൽ വേദന കടിച്ചിറക്കി കഴിയുകയായിരുന്നു ആ സമയത്ത് പല്ലഞ്ചാത്തനൂർ നിവാസികൾ...
പല്ലഞ്ചാത്തനൂരിലെത്തിയ മഹാനുഭാവൻ അവിടെ സ്ഥിര താമസമാക്കാൻ തീരുമാനിക്കുകയും ഒരു സ്ഥലത്ത് വിശ്രമിക്കുകയും ചൈതു...
യാദൃശ്ചികമായി അതു വഴി പോയ സ്ഥലമുടമയായ ജന്മിയോട് മഹാനവർകൾ തനിക്കു താമസിക്കാൻകുറച്ച് സ്ഥലമാവശ്യപ്പെട്ടു
''എന്റെ കൃഷികൾ മുഴുവൻ വരൾച്ചയിൽ നശിച്ചു കൊണ്ടിരിക്കുകയാണ് ഒരു പരിഹാരം തേടി ഞാൻ പരക്കം പായുകയാണ് അപ്പോഴാണ് നിങ്ങൾക്ക് സ്ഥലം..??''
എന്ന് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞ ജന്മിയോട്..
മഹാനവർകൾ
''മഴ പെയ്യുമെന്ന സന്തോഷ വാർത്ത'' അറിയിച്ചു...
എന്നാൽ അതത്ര ഗൗനിക്കാതെ അയാൾ അവിടെ നിന്നും നടന്നു നീങ്ങി...
മഹാനവർകൾ ആകാശത്തിലേക്ക് കരങ്ങളുയർത്തി മഴക്കു വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിച്ചു..
ആ നിർമ്മല ഹൃദയത്തിൽ നിന്നുള്ള തേട്ടത്തിനു മറുപടിയായി അന്നു രാത്രി തുള്ളിക്കൊരു കുടം കണക്കേ മഴ ആർത്തു പെയ്യാൻ തുടങ്ങി മണ്ണും മനവും കുളിർപ്പിച്ച മഴയിൽ ജന്മി അതിയായി സന്തോഷിച്ചു...
ഒരു മിന്നൽപ്പിണർ കണക്കേ പകൽ കണ്ട മനുഷ്യന്റെ മുഖം ജന്മിയുടെ ഹൃദയത്തിൽ മിന്നി മറഞ്ഞു...
മഴ പെയ്യുമെന്ന ആ മനുഷ്യന്റെ വാക്ക് സത്യമായിപ്പുലർന്നതു കണ്ട ജന്മിക്ക് മഹാനവർകളുടെ മഹത്വം ബോധ്യമായി അയാൾ അത്യാദര പൂർവ്വം ആ മഹൽ സവിധത്തിലെത്തി...
മഹാനവർകൾക്ക് താമസിക്കാനും ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കാനും ദീനീ പ്രബോധനത്തിനും ആവശ്യമായ സ്ഥലം വിട്ടു നൽകി...
ആധ്യാത്മികതയുടെ ഗിരിപർവ്വങ്ങൾ താണ്ടിക്കയറിയ മഹാനവർകൾ ശാദുലി,ചിശ്തി,ഖാദിരി ത്വരീഖത്തുകളുടെ വിശ്രുതനായ ശൈഖായിരുന്നു...
ജാതിഭേദമില്ലാതെ ആയിരങ്ങളുടെ ആദര,ബഹുമാനങ്ങൾക്ക് പാത്രമായിരുന്നു മഹാനവർകൾ...
തേനുള്ള പുഷ്പത്തിലേക്ക് തേൻ നുകരാൻ ചിത്രശലഭങ്ങൾ പാറിയെത്തുന്നതു പോലെ ജീവിതത്തിന്റെ സകല മേഖലകളിലെയും പ്രശ്ന ഭാണ്ഡങ്ങളിറക്കി വെക്കാൻ ജനസഹസ്രങ്ങൾ പരിഹാരങ്ങളുടെ പറുദീസയായ ആ തിരു സവിധത്തിലേക്ക് കുലം കുത്തിയൊഴുകി...
തന്നെത്തേടിയെത്തുന്നവർക്ക് അള്ളാഹു തനിക്കു നൽകിയ അപാര സിദ്ധി കൊണ്ട് മഹാനവർകൾ സമാശ്വാസം പകർന്നു കൊണ്ടിരുന്നു..
എതിർപ്പിന്റെ സ്വരമായെത്തിയ യുക്തിവാദികളിൽ അള്ളാഹു നാശമിറക്കിയതിനും ചരിത്രം സാക്ഷി..!!
ഹിജ്റ 998ൽ മർമ്മമറിഞ്ഞ കർമ്മ ജീവിതം കൊണ്ട് ഒരു കാലഘട്ടത്തെ പുഷ്കലമാക്കിയ ആ മഹാമനീഷി പാരിടം ലക്ഷ്യമാക്കി യാത്രയായി താമസിച്ചിരുന്ന സ്ഥലത്തു തന്നെയാണ് മഹാനവർകളെ മറമാടിയത്...
ഇന്നും തെരുവത്ത് പള്ളിയുടെ മണ്ണിൽ ശാന്തിയുടെ ശാദ്വല തീരം തീർത്ത് മഹാനവർകൾ വിശ്രമിക്കുന്നു സമാധാനത്തിന്റെ പച്ചത്തുരുത്ത് തേടി ജാതിഭേദമില്ലാതെ അനേകർ അനുദിനം ആ കാൽചുവട്ടിലേക്കൊഴുകുന്നു...
----------------------------------------
നിങ്ങളുടെ പ്രാർത്ഥനകളിൽ ഈ വിനീതനേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ...
✍🏻നാസർ ചേലക്കര
9605896091
Comments
Post a Comment