കൊന്നക്കാട് മഖാം
 

പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സീതാർക്കുണ്ട്.

പ്രകൃതി സ്നേഹികളേയും,ആത്മീയ ദാഹികളേയും ഒരുപോലെ ഹഠാദാകർഷിക്കുന്ന ഈ പ്രദേശത്തിന്റെ താഴ്ഭാഗമായ കൊന്നക്കാട് മറപെട്ടു കിടക്കുന്ന മഹാനുഭാവനെക്കുറിച്ചൽപം വായിക്കാം...

പാലക്കാട് ജില്ലയിൽ  കൊല്ലങ്കോടിനടുത്ത് പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്നകന്നു നില്‍ക്കുന്ന പ്രശാന്ത സുന്ദര പ്രദേശമാണ് കൊന്നക്കാട്...

  പച്ചപ്പരവതാനി വിരിച്ച വയലേലകളും,വാനത്തിലേക്ക്  തലയുയർത്തി നിൽക്കുന്ന ഗിരി ശൃംഖങ്ങളും,സ്വഛന്ദമൊഴുകുന്ന ചെറു തോടുകളുടെ കളകളാരവങ്ങളും,കിളികളുടെ കളകൂജനങ്ങളും പ്രകൃതി രമണീയതക്ക് ഹാരം ചാർത്തിയ സുന്ദര ഗ്രാമം....

    ആത്മീയതയുടെ പ്രകാശ കിരണങ്ങൾ  പരത്തി പ്രദീപ്തമായി നിലകൊള്ളുന്ന ഒരു മഖ്ബറയാണ് ഈ നാടിന്റെ ശാന്തിക്കും സൗഹാർദ്ധാന്തരീക്ഷത്തിനും കാരണം...

   പത്തൊമ്പതാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ഇവിടേക്കു വന്നെത്തിയ (മമ്പുറത്തു നിന്നാണെന്നും പറയപ്പെടുന്നു)മസ്താൻ  സാഹിബെന്ന് നാട്ടുകാർ  വിളിക്കുന്ന ഒരു മഹാനാണ് ഇവിടെ മറപ്പെട്ടു കിടക്കുന്നത്.

   സദാ സമയവും അള്ളാഹുവില്‍ ലയിച്ച് അവന്ന് ആരാധനകൾ സമർപ്പിച്ച്  വനാന്തരങ്ങളിലും വിജന പ്രദേശങ്ങളിലും ജീവിച്ചിരുന്ന അദ്ധേഹത്തിന്റെ ജീവിതം കറാമത്തുകളുടെ മഹാസാഗരമായിരുന്നു.
   ഇന്നും അനവധി ആളുകൾക്ക് ആ കറാമത്തിന്റെ ഫലം അനവരതം തുടരുന്നു...
  ദിക്റിലും,ഫിക്റിലും,നിസ്കാര ദുആദി കർമ്മങ്ങളിലും സദാ നിരതമായ അവിടുത്തെ ജീവിതം ജനങ്ങൾക്കൊരൽഭുതമായിരുന്നെത്രേ...

  അന്നത്തെ ജന്മിയായിരുന്ന കാദർസപ്പരാവുത്തരുടെ വീട്ടിൽ മഹാനുഭാവൻ താമസിച്ചിരുന്ന സമയത്ത് നിസ്കരിച്ചു കൊണ്ടിരിക്കേ പലപ്പോഴും മഹാൻ അപ്രത്യക്ഷമായിരുന്നു എന്ന് ജനങ്ങൾ ഇന്നും വിസ്മയത്തോടെ അയവിറക്കുന്നു...

 അള്ളാഹു തന്റെ വിനീതവിധേയനായ ഈ ദാസന് നൽകിയ അപാരമായ അത്ഭുത പ്രവൃത്തികളിൽ ആകൃഷ്ടരായ മതഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രയാസങ്ങളുടെ കൊടിയ താപങ്ങൾക്കറുതി തേടി ആ മഹൽ സന്നിധിയിലെത്തി ആശ്വാസത്തിന്റെ മഴത്താരകളേറ്റു വാങ്ങി..

  ദീർഘമായ നാൽപ്പത് വർഷത്തോളം ആ ആത്മീയ സാഗരം കൊന്നക്കാട് താമസിക്കുകയും തൊണ്ണൂറ് വയസ്സിനോടടുത്ത സമയത്ത് പ്രപഞ്ചനാഥന്റെ സാമീപ്യം തേടി യാത്രയാവുകയും ചൈതു...


ഇബാദത്തിനായി മുഖ്യമായും തിരഞ്ഞെടുത്തിരുന്ന  കൊന്നക്കാട് തെക്കേപ്പുഴയുടെ സമീപത്തു വെച്ചു തന്നെയായിരുന്നു നാഥന്റെ വിളിക്ക് അവിടുന്ന് ഉത്തരം നൽകിയത്..

   വന്യജീവികളുടെ വിഹാര രംഗമായിരുന്ന ഇവിടെ വഫാത്തിനു ശേഷം മൂന്ന് ദിവസത്തോളം കിടന്നതിനു ശേഷമാണത്രേ വഫാത്ത് വിവരം ജനങ്ങളറിയുന്നത്.. അപ്പോഴും ആ മഹാസാത്വികന്റെ ശരീരത്തിന് ഒരു പകർച്ചയോ യാതൊരു കേടുപാടുകളോ  സംഭവിക്കുകയോ ഒരു ഉറുമ്പ് പോലും ആ തിരു ശരീരത്തിൽ സ്പർശിക്കുകയോ ചൈതിട്ടില്ലായിരുന്നു...

   വഫാത്തായ സ്ഥലത്തു തന്നെയാണ് മഹാനവർകളെ ഖബറടക്കിയത്..

   ജീവിതകാലത്തെന്ന പോലെ ഇന്നും  കൊന്നക്കാടിന്റെ മണ്ണിൽ ആശ്വാസത്തിന്റെ മാരുതനായി മഹാനവർകൾ പരസഹസ്രങ്ങളെ വരവേൽക്കുന്നു ഒരൊഴുക്കായി ഭവിക്കുന്ന കറാമത്തുകളുടെ സാഫല്ല്യത്തിനായി ജനഹൃദയങ്ങളവിടേക്ക് പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു..


✍🏻നാസർ ചേലക്കര
         9605896091

Comments

Popular posts from this blog